|
വിവാഹമുക്തയുടെ അവകാശങ്ങള്‍ വിവാഹമോചന വാചകം ഉച്ചരിക്കപ്പെടുന്നതോടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തികച്ചും അന്യമായിത്തീരുന്നുവെന്ന തെറ്റായ ധാരണ സമൂഹത്തിലുണ്ട്. ദീക്ഷാകാലത്ത് സ്ത്രീ ഭര്‍തൃഗൃഹത്തിലാണ് വസിക്കേണ്ടത്. ആ ഘട്ടത്തില്‍ അവളുടെ ഭക്ഷണം, വസ്ത്രം, മറ്റു ചിലവുകള്‍ എല്ലാം പുരുഷനാണ് വഹിക്കേണ്ടത്. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെ ചിലവിന് നല്‍കാനും അനന്തരം കുട്ടിയുടെ മുലകുടി കാലത്തെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കാനും അയാള്‍ കടപ്പെട്ടവനാണ്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'നിങ്ങള്‍ താമസിക്കുന്നേടത്ത് തന്നെ അവരെയും താമസിപ്പിക്കുക. അവരെ പ്രയാസപ്പെടുത്താനായി ദ്രോഹിക്കരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവം വരെയും ചെലവിന് നല്‍കുക. പിന്നീട് നിങ്ങള്‍ക്കുവേണ്ടി അവര്‍ മുലകൊടുക്കുമ്പോള്‍ അവര്‍ക്ക് അതിന് പ്രതിഫലം നല്‍കുക. നല്ല നിലയില്‍ പരസ്പരം കൂടിയാലോചിക്കുകയും ചെയ്യുക' (65:6). മടക്കിയെടുക്കാന്‍ അനുവാദമുള്ള ഇദ്ദയുടെ കാലത്ത് ഭാര്യമരിച്ചാല്‍ ഭര്‍ത്താവിനും ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യക്കും അനന്തരാവകാശം ലഭിക്കുന്നതാണ് (ത്വബ്രി 2:265).
പാരിതോഷികങ്ങള്‍ തിരിച്ച് വാങ്ങരുത്
വിവാഹ ജീവിതത്തില്‍ ഭര്‍ത്താവ് ഭാര്യക്ക് പലതരത്തിലുള്ള സമ്മാനങ്ങളും പാരിതോഷികങ്ങളും നല്‍കിയിട്ടുണ്ടാവാം. എന്നാല്‍ വിവാഹമോചന സമയത്ത് ഇതില്‍ ഏതെങ്കിലും തിരിച്ചുവാങ്ങാനോ മടക്കിയെടുക്കാനോ ഭര്‍ത്താവിന് അവകാശമില്ല. വിവാഹമൂല്യവും തിരിച്ചു ചോദിക്കരുത്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ ഒരു ഭാര്യയെ ഒഴിവാക്കി മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നപക്ഷം അവരില്‍ ഒരുവള്‍ക്കു നിങ്ങള്‍ സമ്പത്തിന്റെ വലിയൊരു ശേഖരം തന്നെ നല്‍കിയിട്ടുണ്െടങ്കിലും അതില്‍ ഒന്നുപോലും തിരിച്ചെടുക്കരുത്. വ്യാജാരോപണമുന്നയിച്ച് നിങ്ങളത് തിരിച്ചെടുക്കുകയോ? സ്പഷ്ടമായ പാപമാണത്' (4:20).
വിവാഹ മൂല്യത്തിനുള്ള അവകാശം
ഭാര്യയെ സ്പര്‍ശിക്കുന്നതിന് മുമ്പ്തന്നെ വിവാഹമോചനം നടന്നിട്ടുണ്െടങ്കില്‍ വിവാഹ മൂല്യത്തിന്റെ പകുതിയാണ് നല്‍കേണ്ടതാണ്.' അവര്‍ക്ക് വിവാഹമൂല്യം നിശ്ചയിച്ചു കഴിഞ്ഞിരിക്കെ നിങ്ങള്‍ അവരുമായി ബന്ധപ്പെടുന്നതിന് മുമ്പ് വിവാഹമോചനം നടത്തുന്നുവെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പാതി അവര്‍ക്ക് നല്‍കേണ്ടതാണ്' (2:237). വധുവിനെ സ്പര്‍ശിക്കുകയോ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിന് മുമ്പാണ് വിവാഹമോചനമെങ്കില്‍ മഹ്ര്‍ നല്‍കേണ്ടതില്ല. എങ്കിലും മാന്യമായ എന്തെങ്കിലും ആസ്വാദന വിഭവം നല്‍കണമെന്നാണ് ഖുര്‍ആനിന്റെ ശാസന. 'സത്രീകളെ സ്പര്‍ശിക്കുകയോ അവര്‍ക്ക് വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിന് മുമ്പായി നിങ്ങള്‍ അവരെ മൊഴിചൊല്ലുന്നുവെങ്കില്‍ മഹ്റിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ബാധ്യതയില്ല. എന്നാല്‍ അവര്‍ക്ക് അനുഭവിക്കാന്‍ നിങ്ങള്‍ വല്ലതും നല്‍കേണ്ടതാണ്. ധനവാന്‍ തന്റെ കഴിവിനൊത്തും ദരിദ്രന്‍ തന്റെ അവസ്ഥക്കൊത്തും. സജ്ജനങ്ങളുടെ കടമയത്രെ അത്' (2:236).
ജീവനാംശം നല്‍കല്‍
ഭര്‍ത്താവിന്റെ കീഴില്‍ പാര്‍പ്പിടവും ഭക്ഷണവും മറ്റു സൌകര്യങ്ങളും അനുഭവിച്ചുപോന്ന സ്ത്രീക്ക് പെട്ടെന്ന് അവ നഷ്ടപ്പെടുമ്പോള്‍ പ്രയാസം അനുഭവപ്പെട്ടേക്കും. അതിനാല്‍ ഇദ്ദ കഴിഞ്ഞ് തിരിച്ചുപോകുന്ന വിവാഹമുക്തയായ സ്ത്രീക്ക് സാധ്യമാകുന്ന സാമ്പത്തിക സഹായം ആശ്വാസ ധനമായി നല്‍കേണ്ടതാണ്. ഖുര്‍ആന്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ ഈ ആശ്വാസ ധന(മതാഅ്)ത്തെക്കുറിച്ച് അനുശാസിക്കുന്നത് കാണാം. 'വിവാഹ മോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിത വിഭവമായി നല്‍കേണ്ടതാണ്. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു നിര്‍ബന്ധ ബാധ്യതയത്രെ' (2:241). ഇബ്നു അബ്ബാസ്(റ) തന്റെ ഭാര്യക്ക് പതിനായിരം ദിര്‍ഹം മതാഅ് നല്‍കുകയുണ്ടായി.
പുനര്‍ വിവാഹം ചെയ്യാനുള്ള സ്വാതന്ത്യ്രം
വിവാഹ മുക്തയായ സ്ത്രീ മറ്റാരെങ്കിലുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നത് തടയാനായി ദീക്ഷാകാലം കഴിയുന്നതിന് മുമ്പായി ആദ്യഭര്‍ത്താവ് അവളെ മടക്കിയെടുക്കുകയും വീണ്ടും ത്വലാഖ് ചൊല്ലുകയും ചെയ്യുന്ന ഒരു രീതി ജാഹിലിയ്യാ അറബികള്‍ക്കിടയിലുണ്ടായിരുന്നു. ഖുര്‍ആന്‍ ഈ ദുരാചാരത്തെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. 'നിങ്ങള്‍ സ്ത്രീകളുമായുള്ള ബന്ധം വിടര്‍ത്തുകയും ഇദ്ദയുടെ അവധി അടുക്കുകയും ചെയ്താല്‍ നല്ല നിലയില്‍ അവരെ കൂടെ താമസിപ്പിക്കുക. അന്യായമായി ദ്രോഹിക്കാന്‍ വേണ്ടി മാത്രം നിങ്ങള്‍ അവരെ പിടിച്ചുവെക്കരുത്. അങ്ങനെ ചെയ്യുന്നവന്‍ തന്നോട് തന്നെയാണ് അക്രമം ചെയ്യുന്നത്. ദൈവകല്‍പനകളെ നിങ്ങള്‍ പരിഹാസ്യമാക്കാന്‍ പാടില്ലാത്തതാണ്' (2:231).
ഇദ്ദയുടെ കാലം കഴിഞ്ഞാല്‍ അവളുടെ പുനര്‍വിവാഹം തടയാന്‍ ഭര്‍ത്താവിനോ മറ്റാര്‍ക്കെങ്കിലുമോ ഒരവകാശവുമുണ്ടായിരിക്കുകയില്ല. നിയമവും മര്യാദയുമനുസരിച്ച് അവളും അന്വേഷകനും ഇഷ്ടപ്പെടുന്നേടത്തോളം കാലം അവരുടെ അഭിലാഷങ്ങളുടെ കാര്യത്തില്‍ ആരും വിഘാതം വരുത്താവതല്ല.
|