|
സ്ത്രീ ഇസ്ലാമില്‍
ഇസ്ലാം സ്ത്രീയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്വങ്ങളും ബാധ്യതകളുമുള്ളതുപോലെ അവകാശങ്ങളുമുണ്െടന്ന് ഉണര്‍ത്തുന്നു. സമൂഹ നിര്‍മിതിയില്‍ പുരുഷനെ പോലെ സ്ത്രീക്കും പങ്കാളിത്തമുണ്ട്. വ്യക്തികളെ രൂപപ്പെടുത്തുന്നതിലും തലമുറകളെ വാര്‍ത്തെടുക്കുന്നതിലും അവളുടെ സ്ഥാനം പുരുഷനെക്കാള്‍ മുന്‍പന്തിയിലാണ്. സ്ത്രീയെ ഉള്‍ക്കൊള്ളുകയും തിരിച്ചറിയുകയും ചെയ്യാതെ ഒരു ദര്‍ശനത്തിനും മുന്നോട്ടുപോവുക സാധ്യമല്ല.
സ്ത്രീ-പുരുഷ സമത്വം
ശാരീരിക മാനസിക കഴിവുകളില്‍ വ്യത്യസ്തമാണെങ്കിലും സ്ത്രീയും പുരുഷനും ദൈവസന്നിധിയില്‍ തുല്യരാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. 'പുരുഷനാവട്ടെ, സ്ത്രീയാവട്ടെ-സല്‍ക്കര്‍മം അനുഷ്ഠിക്കുന്നത് ആരാണെങ്കിലും ശരി അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അങ്ങനെയുള്ളവരാകുന്നു സ്വര്‍ഗാവകാശികള്‍' (4:124). അല്ലാഹു പറയുന്നു: 'സ്ത്രീയാവട്ടെ, പുരുഷനാവട്ടെ നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുകയില്ല, നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ' (3:195).
മരണാനന്തര ജീവിതത്തില്‍ മാത്രമല്ല; ഐഹികജീവിതത്തിലും സ്ത്രീയോട് നീതികാണിക്കുകയെന്ന ആശയം ശക്തിയായി ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നു. ഇതര സംസ്കാരങ്ങളെ പോലെ സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കുകയോ അവര്‍ക്കെതിരെ അനീതിയും അക്രമവും പ്രഖ്യാപിക്കുകയോ ചെയ്ത ചരിത്രം ഇസ്ലാമിനില്ല. പ്രത്യുത അക്രമങ്ങളില്‍നിന്ന് അവര്‍ക്ക് മോചനം പ്രഖ്യാപിച്ചും തുല്യനീതി വാഗ്ദാനം ചെയ്തുകൊണ്ടുമായിരുന്നു ഇസ്ലാമിന്റെ രംഗപ്രവേശം.
ജീവിക്കാനുള്ള അവകാശം
സ്ത്രീക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നല്‍കിയത് ഇസ്ലാമാണ്. അജ്ഞാന കാലത്തെ അറബികള്‍ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്നവരായിരുന്നു. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'അവരിലൊരാള്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ കഠിനദുഃഖം കടിച്ചിറക്കിക്കൊണ്ട് അവന്റെ മുഖം കറുത്തിരുണ്ടുപോവുന്നു. അവന്‍ ആളുകളില്‍നിന്ന് മാറി നടക്കുന്നു; ഈ സന്തോഷവാര്‍ത്ത ലഭിച്ചതിന് ശേഷം ആരെയും കാണാതിരിക്കാന്‍ വേണ്ടി. അപമാനം സഹിച്ചുകൊണ്ട് പുത്രിയെ വളര്‍ത്തണോ അതോ ജീവനോടെ കുഴിച്ചു മൂടണോ എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു' (16:58,59).
ഒരാള്‍ പ്രവാചകനോട് ജാഹിലിയ്യാ കാലത്തെ തന്റെ ചെയ്തി വിവരിക്കുന്നു: 'എനിക്കൊരു പെണ്‍കുഞ്ഞുണ്ടായിരുന്നു. എന്നോടതിരറ്റ സ്നേഹവും അടുപ്പവുമുള്ള കുട്ടി. എപ്പോള്‍ വിളിച്ചാലും അവളെന്റെയടുത്ത് ഓടിവരും. ഒരു ദിവസം ഞാനവളെ വിളിച്ചു. അവള്‍ ഓടിയെത്തി. അവളെയും കൂട്ടി ഞാന്‍ അടുത്തുള്ള കിണറ്റിന്റെ വക്കിലെത്തി. അവളെ വാരിയെടുത്ത് ഞാന്‍ കിണറ്റിലേക്കെറിഞ്ഞു. അപ്പോള്‍ ദയനീയമായി എന്റെ കുഞ്ഞ് 'ഉപ്പാ, ഉപ്പാ' എന്ന് വിളിക്കുന്നുണ്ടായിരുന്നു.' ഈ കഥ കേട്ട് പ്രവാചകന്‍(സ) സ്തംഭിച്ചു നിന്നു. പിന്നെ, താടിരോമം നനഞ്ഞു കുതിരുമാറ് കരഞ്ഞു (ദാരിമി).
ഇസ്ലാം പെണ്‍കുട്ടിക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം പുനഃസ്ഥാപിച്ചുകൊണ്ട് പ്രഖ്യാപിച്ചു: 'സ്വസന്താനങ്ങളെ ദാരിദ്യ്രം ഭയന്ന് നിങ്ങള്‍ വധിക്കാതിരിക്കുക. അവള്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് ഞാനാണ്. അവരെ വധിക്കുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു' (17:31). ഈ കൊടും ക്രൂരതക്ക് പാരത്രിക ലോകത്ത് ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് ഉണര്‍ത്തി: 'ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെണ്‍കുഞ്ഞിനോട് ചോദിക്കപ്പെടുമ്പോള്‍; അവള്‍ എന്ത് തെറ്റിന്റെ പേരിലാണ് വധിക്കപ്പെട്ടത് എന്ന്!' (81:8,9). പെണ്‍കുട്ടികള്‍ സ്വര്‍ഗ പ്രവേശനത്തിന് കാരണമാവുന്ന അനുഗ്രഹമാണെന്ന് പ്രവാചകന്‍(സ) ഉണര്‍ത്തി: 'ഒരാള്‍ക്ക് രണ്ടു പെണ്‍മക്കളുണ്ടാവുകയും അവരെ അയാള്‍ നന്നായി പരിപാലിക്കുകയും ചെയ്താല്‍ അവര്‍ മൂലം അയാള്‍ സ്വര്‍ഗ പ്രവേശനത്തിന് അര്‍ഹനായിത്തീരും' (ബുഖാരി).
പുരുഷന്റെ കൂടപ്പിറപ്പ്
സ്ത്രീയും പുരുഷനും ഒരേ സ്രോതസ്സില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: 'ഒരൊറ്റ ശരീരത്തില്‍നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു; അതേ ശരീരത്തില്‍നിന്ന് തന്നെ അതിന്റെ ഇണയെയും പടച്ചു. അവരണ്ടില്‍നിന്നുമായി പെരുത്ത് സ്ത്രീ പുരുഷന്മാരെ ലോകത്ത് അവന്‍ പരത്തുകയും ചെയ്തു' (4:1). പ്രവാചകന്‍(സ) പറഞ്ഞു: സ്ത്രീകള്‍ പുരുഷന്മാരുടെ കൂടപ്പിറപ്പുകളാണ്' (അബൂദാവൂദ്).
ആദിപാപത്തിന്റെ കാരണക്കാരി സ്ത്രീയല്ല
ആദമിനെ വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചത് ഭാര്യ ഹവ്വയാണെന്നും അങ്ങനെ മനുഷ്യ സമൂഹത്തിന്റെ മുഴുവന്‍ നിര്‍ഭാഗ്യത്തിനും കാരണക്കാരി സ്ത്രീയാണെന്നുമുള്ള ചില മതങ്ങളുടെ സങ്കല്‍പത്തെ ഇസ്ലാം നിരാകരിക്കുന്നു. ഹവ്വയെക്കാളുപരി ആദമിനാണ് ഉത്തരവാദിത്വമുള്ളതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'നാം ഇതിനുമുമ്പ് ആദമിന് ഒരു ശാസനം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹമത് വിസ്മരിച്ചുകളഞ്ഞു. നാം അദ്ദേഹത്തില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല' (20:115). 'പിശാച് അദ്ദേഹത്തെ വ്യാമോഹിപ്പിച്ചു. അവന്‍ പറഞ്ഞു: ഓ, ആദം താങ്കള്‍ക്കു നിത്യജീവനും ശാശ്വതാധിപത്യവും നേടിത്തരുന്ന ഒരു വൃക്ഷം കാണിച്ചു തരെട്ടെയോ?' അങ്ങനെ അവരിരുവരും (ആദമും ഹവ്വയും) ആ വൃക്ഷത്തിന്റെ ഫലം ഭുജിച്ചു' (20:120).
സ്വത്ത് സമ്പാദിക്കാനുള്ള അവകാശം
ധനസമ്പാദനത്തില്‍ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കുമുണ്ട്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'പുരുഷന്മാര്‍ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവര്‍ക്ക് വിഹിതമുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവര്‍ക്കും വിഹിതമുണ്ട്' (4:32). ഇബ്നു ഹസം(റ) പറയുന്നു: 'വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭര്‍ത്താവിനോ അതിനെ എതിര്‍ക്കാന്‍ അവകാശമില്ല' (മഹല്ലി: 9/507).
അനന്തരാവകാശം
ഇസ്ലാമിന് മുമ്പ് സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ അവകാശമുണ്ടായിരുന്നില്ല; എന്നാല്‍ ഇസ്ലാം പുരുഷനെ പോലെ സ്ത്രീകള്‍ക്കും അനന്തരസ്വത്തില്‍ ന്യായമായ അവകാശങ്ങളുണ്െടന്ന് പ്രഖ്യാപിച്ചു. 'മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്' (4:7).
വരനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം
തന്റെ ഇണ ആരാവണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇസ്ലാം സ്ത്രീക്ക് നല്‍കുന്നു. സ്ത്രീയുടെ സമ്മതമില്ലാതെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ റദ്ദുചെയ്യാന്‍ അവള്‍ക്ക് അവകാശമുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു: 'മകളുടെ മാരനെ തീരുമാനിക്കാന്‍ രക്ഷിതാവിന് അധികാരമില്ല' (അബൂദാവൂദ്, നസാഈ). അബ്ദുല്ലാഹിബ്നു ബുറൈദ(റ)യില്‍നിന്ന് നിവേദനം: ഒരു യുവതി നബി(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: 'എന്റെ പിതാവ് സ്വന്തം സഹോദര പുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്റെ അനുമതി കൂടാതെ, എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു' ഇതുകേട്ട പ്രവാചകന്‍(സ) കാര്യം തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു നല്‍കി. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: 'എന്റെ പിതാവിന്റെ പ്രവൃത്തി ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഞാന്‍ ഇങ്ങനെ ചെയ്തത് ഇക്കാര്യത്തില്‍ പിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്' (ഇബ്നുമാജ).
പ്രവാചകന്‍(സ) ആദരിച്ച സ്ത്രീ
മാതാവ്, ഭാര്യ, പുത്രി, സഹോദരി എന്നീ സ്ഥാനങ്ങളലങ്കരിക്കുന്ന സ്ത്രീക്ക് അങ്ങേയറ്റം മാന്യമായ സ്ഥാനമാണ് പ്രവാചകന്‍(സ) നല്‍കിയിട്ടുള്ളത്. ചില നബിവചനങ്ങള്‍ കാണുക:
1. ഭാര്യ എന്നനിലയില്‍
'ഭൌതിക ലോകത്തെ ഏറ്റവും നല്ല വിഭവമാണ് സദ്വൃത്തയായ സ്ത്രീ. നീ അവളെ നോക്കിയാല്‍ നിന്നെ അവള്‍ സന്തോഷിപ്പിക്കും; നിന്റെ അഭാവത്തില്‍ നിന്റെയെല്ലാം അവള്‍ സംരക്ഷിക്കും' (മുസ്ലിം, ഇബ്നുമാജ).
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന്: പ്രവാചകന്‍(സ) പറഞ്ഞു: 'നാലു കാര്യങ്ങള്‍ നേടിയവന് ഇഹത്തിലും പരത്തിലും ഉത്തമമായത് ലഭിച്ചു - അല്ലാഹുവെ വാഴ്ത്തുന്ന നാവ്, നന്ദിയുള്ള മനസ്സ്, പ്രയാസങ്ങള്‍ സഹിക്കാന്‍ കഴിയുന്ന ശരീരം, തന്റെ ശരീരത്തിലും ഭര്‍ത്താവിന്റെ ധനത്തിലും തിന്മ ആഗ്രഹിക്കാത്ത ഭാര്യ' (ത്വബ്രി).
2. മാതാവ് എന്ന നിലയില്‍
നബി(സ)യോട് ഒരാള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ നല്ലനിലയില്‍ സഹവസിക്കാന്‍ ഏറ്റവും അര്‍ഹന്‍ ആരാണ്? അവിടുന്ന് പറഞ്ഞു: 'നിന്റെ മാതാവ്' അയാള്‍ വീണ്ടും ചോദിച്ചു: 'പിന്നെ ആരാണ്?' നബി(സ) പറഞ്ഞു: 'നിന്റെ മാതാവ്.' വീണ്ടും ചോദിച്ചു: 'പിന്നെ ആരാണ്?' 'നിന്റെ മാതാവ്.' അയാള്‍ പിന്നെയും ചോദിച്ചു: 'ശേഷം ആരാണ്?' അവിടുന്ന് പറഞ്ഞു: 'നിന്റെ പിതാവ്' (ബുഖാരി).
'മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗം' എന്ന പ്രവാചക വചനം പ്രസിദ്ധമാണ്.
3. മകള്‍ എന്ന നിലയില്‍
പ്രവാചകന്‍(സ) പറഞ്ഞു: 'ഏതൊരുവന് ഒരു പുത്രിയുണ്ടാവുകയും എന്നിട്ട് അവളെ നന്നായി പഠിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്തുവോ അതുകാരണം പരലോകത്ത് അവന് സ്വര്‍ഗം ലഭിക്കുന്നതാണ്.'
'ഒരള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടായി. അവളെ അയാള്‍ കുഴിച്ചുമൂടിയില്ല. അപമാനിച്ചില്ല. ആണ്‍കുട്ടികള്‍ക്ക് അവളേക്കാള്‍ പ്രത്യേക പരിഗണന നല്‍കിയില്ല. എങ്കില്‍ അയാളെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്' (തിര്‍മുദി).
ഉമറിന്റെ സാക്ഷ്യം
ഉമര്‍(റ) പറയുന്നു: 'ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് സ്ത്രീകള്‍ക്ക് ഒരു വിലയും കല്‍പിച്ചിരുന്നില്ല. എന്നാല്‍ ഇസ്ലാം സമാഗതമാവുകയും അല്ലാഹു അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോഴാണ് അവര്‍ക്കും അവകാശമുണ്െടന്ന് ബോധ്യമായത്' (ബുഖാരി, മുസ്ലിം). ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: 'സ്ത്രീകള്‍ക്കും ന്യായമായ അവകാശങ്ങളുണ്ട്; പുരുഷന്മാര്‍ക്ക് അവരില്‍നിന്ന് അവകാശങ്ങളുള്ളതുപോലെതന്നെ' (2:228).
|