വിവാഹം ഇസ്ലാമില്‍
ഭര്‍ത്താവിന്റെ ബാധ്യതകള്‍
ഭാര്യയുടെ ബാധ്യതകള്‍
സ്ത്രീ ഇസ്ലാമില്‍
വിവാഹ മോചന നിയമങ്ങള്‍
വിവാഹമുക്തയുടെ അവകാശങ്ങള്
വിവാഹ മൂല്യവും സ്ത്രീധനവും
ബഹുഭാര്യത്വം ഇസ്ലാമില്‍
സന്താന പരിപാലനം
 


സന്താന പരിപാലനം

ദാമ്പത്യ ജീവിതത്തിന്റെ സദ്ഫലങ്ങളായ സന്താനങ്ങളെ ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായി വളര്‍ത്തല്‍ മാതാപിതാക്കളുടെ ബാധ്യതയാണ്. ജനിച്ചാല്‍ കുഞ്ഞിന് ഉത്തമ നാമകരണം ചെയ്യുന്നതു മുതല്‍ ഉദാത്തമായ വിശ്വാസങ്ങളും ഉത്തമ സ്വഭാവ ഗുണങ്ങളും ഉല്‍കൃഷ്ട വ്യക്തിത്വവും അവരിലുളവാക്കുന്നത് വരെ ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ അവര്‍ക്കുണ്ട്. ആ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു മാറുന്നതു മൂലമുള്ള കുഴപ്പങ്ങള്‍ കുടുംബത്തിന്റേത് മാത്രമല്ല; സമൂഹത്തിന്റേത് കൂടിയാകുന്നു.

മുലയൂട്ടല്‍

കുഞ്ഞിന് മുലപ്പാല്‍ നല്‍കുക എന്നത് മാതാപിതാക്കളുടെ സാധ്യതയാണ്. അല്ലാഹു പറയുന്നു; 'മാതാക്കള്‍ രണ്ടുവര്‍ഷം പൂര്‍ണമായി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടിക്കൊള്ളട്ടെ. മുലയൂട്ടല്‍ പൂര്‍ത്തിയാക്കാനാഗ്രഹിക്കുന്നവര്‍ക്കാണിത്. പിതാവ് (മുലയൂട്ടന്ന മാതാക്കള്‍ക്ക്) ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ടതാണ്' (2:233). മുലപ്പാല്‍ നല്‍കുന്നത് കേവലം കുഞ്ഞിന്റെ വിശപ്പടക്കാന്‍ വേണ്ടി മാത്രമല്ല; അതൊരു ആത്മീയബന്ധം കൂടിയാണ്. അതുകൊണ്ടാണ് മാതാവല്ലാത്തവര്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ അവരെ സ്വന്തം മാതാവിനെ പോലെ പരിഗണിക്കണമെന്നും അവരുടെ പെണ്‍മക്കളെ സ്വന്തം സഹോദരിമാരായി കാണണമെന്നും ഇസ്ലാം അനുശാസിക്കുന്നത്.

നാമകരണം

കുഞ്ഞിന് നല്ലപേര് നല്‍കല്‍ മാതാപിതാക്കളുടെ ചുമതലയാണ്. പ്രവാചകന്‍(സ) പറഞ്ഞു: 'അന്ത്യനാളില്‍ നിങ്ങള്‍ വിളിക്കപ്പെടുക നിങ്ങളുടെയും പിതാക്കളുടെയും പേരിലായിരിക്കും. അതിനാല്‍ നിങ്ങളുടെ പേരുകള്‍ നന്നാക്കിത്തീര്‍ക്കുവിന്‍' (അബൂദാവൂദ്).

അഖീഖയറുക്കല്‍

കുട്ടികളുടെ ജനനത്തോടനുബന്ധിച്ച് അനുഷ്ഠിക്കേണ്ട ഒരു ഐഛിക പുണ്യകര്‍മമാണ് അഖീഖയറുക്കല്‍. കുഞ്ഞ് പിറന്നതിന്റെ ഏഴാം നാളിലോ അല്ലെങ്കില്‍ സൌകര്യപ്രദമായ മറ്റേതെങ്കിലും ദിവസത്തിലോ ഒരു മൃഗത്തെ അറുത്ത് മാംസം ദാനം ചെയ്യുക എന്നതാണത്. ഏഴാംനാള്‍ മുടികളഞ്ഞ്, പേരിട്ട്, അഖീഖയറുക്കുക എന്നതാണ് പ്രവാചക കല്‍പന. ആണ്‍കുട്ടിക്ക് വേണ്ടി രണ്ടാടിനെയും പെണ്‍കുട്ടിക്കുവേണ്ടി ഒരാടിനെയും അറുക്കണമെന്ന് ആഇശ(റ)യില്‍നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ആണ്‍കുട്ടിക്ക് രണ്ടാടും പെണ്‍കുട്ടിക്ക് ഒരാടും എന്നു പറഞ്ഞത് ആണ്‍കുട്ടിയുടെ പദവി വെളിപ്പെടുത്തുന്നതാകാം. എന്നാല്‍ ഹസന്‍(റ), ഹുസൈന്‍(റ) എന്നിവര്‍ക്കുവേണ്ടി നബി(സ) ഓരോ ആടുകളെ വീതം അറുത്തു എന്ന ഹദീസിന്റെ വെളിച്ചത്തില്‍ ആണായാലും പെണ്ണായാലും ഒരു മൃഗത്തെ മാത്രം അറുത്താല്‍ മതിയെന്നാണ് ഇമാം മാലിക്കിന്റെ അഭിപ്രായം.

ഭക്ഷണം നല്‍കല്‍

സന്താനങ്ങള്‍ക്ക് നല്ലതും അനുവദനീയവുമായ ഭക്ഷണം നല്‍കി വളര്‍ത്തല്‍ പിതാവിന്റെ ബാധ്യതയാണ്. പ്രവാചകന്‍(സ) പറഞ്ഞു: 'താന്‍ ഭക്ഷണം നല്‍കാന്‍ കടപ്പെട്ടവര്‍ക്ക് അത് നല്‍കാതിരിക്കുക എന്നതുതന്നെ മതി ഒരാള്‍ക്ക് വന്‍ പാപമായിട്ട്' (മുസ്ലിം).

സ്നേഹവും കാരുണ്യവും

ശരിയായ സന്താന പരിപാലനത്തിന്റെ സുപ്രധാന ഘടകമാണ് കുട്ടികള്‍ക്ക് വേണ്ടുവോളം സ്നേഹ വാത്സല്യങ്ങള്‍ നല്‍കുക എന്നത്. ചെറുപ്പത്തില്‍ അവരെ താലോലിക്കുകയും ഓമനിക്കുകയും വേണം. പ്രവാചകന്‍(സ) ഒരിക്കല്‍ ഹസന്‍(റ)നെ ചുംബിക്കുന്നത് ഒരു ഗ്രാമീണന്‍ കാണാനിടയായി. അയാള്‍ പറഞ്ഞു: 'എനിക്ക് പത്ത് സന്താനങ്ങളുണ്ട്; അവരില്‍ ഒരുവനെ പോലും ഞാന്‍ ചുംബിച്ചിട്ടില്ല.' റസൂല്‍ അയാളുടെ നേരെ നോക്കിക്കൊണ്ടു പറഞ്ഞു. 'കരുണ ചെയ്യാത്തവര്‍ക്ക് അല്ലാഹു കാരുണ്യം ചെയ്യുകയില്ല' (ബുഖാരി).
കുട്ടികളോട് വാത്സല്യം കാണിക്കുന്നതും അവരോട് സ്നേഹപ്രകടനങ്ങള്‍ നടത്തുന്നതും മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയില്‍ ആരോഗ്യകരമായ ബന്ധം നിലനില്‍ക്കാന്‍ ആവശ്യമാണ്. കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാല്‍ പ്രവാചകന്‍(സ) വേഗത്തില്‍ നമസ്കാരം പൂര്‍ത്തീകരിക്കാറുള്ളതായി ഹദീസുകളില്‍ കാണാം.

വിജ്ഞാനവും മര്യാദയും പഠിപ്പിക്കുക

കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസവും ഇസ്ലാമിക ശിക്ഷണ ശീലനങ്ങളും നല്‍കേണ്ടതുണ്ട്. സ്ഫടിക സമാനമായ പരിശുദ്ധാവസ്ഥയിലാണ് ഓരോ കുഞ്ഞും ഭൂജാതനാവുന്നത്. അവര്‍ വളരുന്ന സാഹചര്യവും ചുറ്റുപാടുകളും അവരുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നു. നബി(സ) പറഞ്ഞു: 'ഓരോ കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യാനിയോ അഗ്നിയാരാധകനോ ആക്കുന്നത്' (ബുഖാരി). മാതാപിതാക്കള്‍ക്ക് മക്കളുടെ ജീവിതത്തിലെ സ്വാധീനത്തെയാണ് പ്രവാചകന്‍(സ) ഈ പ്രസ്താവനയിലൂടെ വരച്ചു കാണിക്കുന്നത്.
പ്രവാചകന്‍(സ) പറഞ്ഞു: 'ഒരു പിതാവിനും തന്റെ സന്തതിക്ക് നല്ല ശിക്ഷണത്തെക്കാള്‍ മഹത്തായ മറ്റൊരു സമ്മാനവും നല്‍കാന്‍ കഴിയില്ല' (തിര്‍മുദി, ബൈഹഖി). 'നിങ്ങള്‍ സന്താനങ്ങളെ സംസ്കാരം ശീലിപ്പിക്കൂ; അവരുടെ സ്വഭാവചര്യകള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക' (ഇബ്നുമാജ).
ആത്മീയ ശിക്ഷണമെന്നതുപോലെ ലൌകിക വിദ്യാഭ്യാസവും മക്കളെ പഠിപ്പിക്കേണ്ടതുണ്ട്. നബി(സ) അരുളി: 'ഒരു സന്താനത്തിന് പിതാവില്‍നിന്ന് ലഭിക്കേണ്ട അവകാശത്തില്‍ പെട്ടതാണ് അവന് വിവേകമെത്തിയാല്‍ എഴുത്തു പരിശീലിപ്പിക്കുക എന്നത്' (സമര്‍ഖന്തി). ഏഴുവയസ്സായാല്‍ കുഞ്ഞുങ്ങള്‍ക്ക് നമസ്കാരം ശീലിപ്പിക്കാനും പത്ത് വയസ്സായിട്ടും നമസ്കരിക്കാത്തവരെ അടിക്കാനും റസൂല്‍ അനുശാസിച്ചിട്ടുണ്ട്.

   
----------------------------------------------------------------------------------------------------------------------------------------------------
© 2009 Imbkerala.net Calicut .Designed by Cbtech it solutions, Powered by Spark Info Solutions