|
ഭാര്യയുടെ ബാധ്യതകള്‍
സ്ത്രീക്ക് ഏറ്റവും കൂടുതല്‍ കടപ്പാടുകളും ബാധ്യതകളുമുള്ളത് ഭര്‍ത്താവിനോടാണ്. അദ്ദേഹത്തെ അവള്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും അനുസരിക്കുകയും വേണം. പ്രവാചകന്‍(സ) പറഞ്ഞു: 'ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിക്ക് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നെങ്കില്‍ സ്ത്രീയോട് തന്റെ ഭര്‍ത്താവിന് മുമ്പില്‍ സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു' (അബൂദാവൂദ്, തിര്‍മുദി). ആഇശ(റ)യില്‍നിന്ന് നിവേദനം: അവര്‍ പ്രവാചകനോട് ചോദിച്ചു: 'ഒരു സ്ത്രീക്ക് ഏറ്റവും കൂടുതല്‍ കടപ്പാട് ആരോടാണ്?' അവിടുന്ന് പറഞ്ഞു: 'ഭര്‍ത്താവിനോട്' അവര്‍ ചോദിച്ചു: പുരുഷന് ഏറ്റവും കൂടുതല്‍ കടപ്പാട് ആരോടാണ്? പ്രവാചകന്‍ (സ) പറഞ്ഞു: 'മാതാവിനോട്' (ഹാകിം). സ്ത്രീയുടെ സ്വര്‍ഗ നരകങ്ങള്‍ തീരുമാനിക്കുന്നതില്‍ ഭര്‍ത്താവിനോടുള്ള സമീപനത്തിന് സാരമായ പങ്കുണ്ട്: ഒരിക്കല്‍ പ്രവാചകന്‍ ഒരു സ്വഹാബിവനിതയെ ഇപ്രകാരം ഉപദേശിക്കുകയുണ്ടായി: 'ഭര്‍ത്താവ് നിന്റെ സ്വര്‍ഗവും നരകവുമാണ്' (അഹ്മദ്, മജ്മഉസ്സവാഇദ്).
അനുസരണം
അല്ലാഹുവിനും റസൂലിനും വിരുദ്ധമാവാത്ത വിഷയങ്ങളിലെല്ലാം വധു വരനെ അനുസരിക്കല്‍ നിര്‍ബന്ധമാണ്. നല്ല സ്ത്രീകളുടെ സവിശേഷതകള്‍ ഖുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നു: 'ഉത്തമ വനിതകള്‍ അനുസരണ സ്വഭാവമുള്ളവരും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരുമാണ്' (4:34).
ശ്രേഷ്ഠസ്ത്രീയെ കുറിച്ച് പ്രവാചകന്‍(സ) പറഞ്ഞു: 'നീ കടാക്ഷിച്ചാല്‍ നിന്നെ സന്തോഷിപ്പിക്കുകയും നീ കല്‍പിച്ചാല്‍ നിന്നെ അനുസരിക്കുകയും നിന്റെ അഭാവത്തില്‍ നിന്റെ ധനവും സ്വന്തം ശരീരവും സംരക്ഷിക്കുകയും ചെയ്യുന്നവളാണ് ഏറ്റവും ശ്രേഷ്ഠയായ സ്ത്രീ.' മറ്റൊരു പ്രവാചക വചനം ഇങ്ങനെയാണ്: 'മൂന്നു പേരെ നരകം സ്പര്‍ശിക്കുകയില്ല. ഭര്‍ത്താവിനെ അനുസരിക്കുന്ന സ്ത്രീ, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്ന മകന്‍, അല്ലാഹുവിനോടും യജമാനനോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്ന ഭൃത്യന്‍.'
സമ്പന്നതയിലും ദാരിദ്യ്രത്തിലും ഭര്‍ത്താവിനോടുള്ള കടപ്പാടുകള്‍ പൂര്‍ത്തീകരിക്കുകയും അയാളുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയും വേണം. ഭര്‍ത്താവിനെ ധിക്കരിക്കുകയും അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെ വിമര്‍ശിക്കുകയും നല്‍കുന്നതിനെ ശപിക്കുകയും ചെയ്യുന്ന സ്ത്രീകളെ കുറിച്ച് നബി(സ) പറഞ്ഞു: 'ഞാന്‍ നരകത്തിലേക്ക് നോക്കി. അപ്പോള്‍ അതില്‍ സ്ത്രീകളെയാണ് ഞാന്‍ അധികമായി കണ്ടത്. ഭര്‍ത്താവിനോട് നന്ദികേട് കാണിച്ചവരാണവര്‍. ജീവിതകാലം മുഴുവന്‍ നീ അവള്‍ക്ക് നന്മ ചെയ്താലും നിന്നില്‍നിന്ന് ഒരു ന്യൂനത കണ്ടാല്‍ ഉടന്‍ അവള്‍ പറയും: 'നിങ്ങളില്‍നിന്ന് എനിക്ക് ഇതുവരെ ഒരു ഗുണവും കിട്ടിയിട്ടില്ല' (ബുഖാരി, മുസ്ലിം). ഭര്‍ത്താവിനോട് ഗുണകാംക്ഷ കാണിക്കുന്ന സ്ത്രീകളെ പ്രവാചകന്‍ പ്രശംസിച്ചിട്ടുണ്ട്. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു: 'നിങ്ങളുടെ സ്ത്രീകള്‍ സ്വര്‍ഗാവകാശികളാണ്. അവര്‍ കൂടുതല്‍ സന്താന സൌഭാഗ്യമുള്ളവരും സ്നേഹമുള്ളവരുമാണ്. ന്യായമല്ലാത്തത് വല്ലതും സംഭവിച്ചാല്‍ അവള്‍ തന്റെ ഭര്‍ത്താവിനെ സമീപിച്ച് തന്റെ കൈ അയാളുടെ കൈയില്‍വെച്ച് ഇങ്ങനെ പറയും: 'നിങ്ങള്‍ സംതൃപ്തനാകും വരെ ഞാന്‍ ഉറങ്ങുകയില്ല' (മജ്മഉസ്സവാഇദ്).
സഹശയനം
ഭാര്യ ഭര്‍ത്താവിനോടൊന്നിച്ച് കഴിയേണ്ടവളാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ വീട്ടില്‍നിന്ന് പുറത്തുപോവാനോ കിടപ്പറയില്‍ വെച്ച് അദ്ദേഹവുമായി നിസ്സഹകരിക്കാനോ പാടില്ല. പ്രവാചകന്‍ പറഞ്ഞു: 'ആജ്ഞകള്‍ അനുസരിക്കല്‍, അവകാശങ്ങള്‍ അംഗീകരിക്കല്‍, വിരിപ്പില്‍നിന്ന് വിട്ടകലാതിരിക്കല്‍, അനുവാദമില്ലാതെ പുറത്തുപോകാതിരിക്കല്‍, ഭര്‍ത്താവിന് ഇഷ്ടമില്ലാത്തവരെ അകത്തു പ്രവേശിപ്പിക്കാതിരിക്കല്‍ ഇവയെല്ലാം ഭാര്യയുടെ മേലുള്ള ഭര്‍ത്താവിന്റെ അവകാശങ്ങളാണ്' (ത്വബ്റാനി). ഇബ്നു ഉമറി(റ)ല്‍നിന്ന് നിവേദനം: 'സ്വന്തം ശരീരത്തെ ഭര്‍ത്താവിന് വിലക്കാതിരിക്കല്‍ ഭാര്യക്ക് ഭര്‍ത്താവിനോടുള്ള ബാധ്യതയാകുന്നു. അതൊരു ചെറിയ ഒട്ടകപ്പല്ലക്കില്‍ വെച്ചായാല്‍ പോലും!' (അബൂദാവൂദ്, ബൈഹഖി). ഭര്‍ത്താവുമായി നിസ്സഹകരിക്കുന്ന സ്ത്രീയെ പ്രഭാതം വരെ മലക്കുകള്‍ ശപിച്ചുകൊണ്ടിരിക്കുമെന്ന് ഹദീസുകളില്‍ കാണാം.
ഗാര്‍ഹിക ജോലികള്‍ നിര്‍വഹിക്കല്‍
സ്ത്രീക്ക് ചെലവിന് കൊടുക്കല്‍ പുരുഷന്റെ ബാധ്യതയാണെന്നതുപോലെ ഭര്‍ത്താവിനെ സേവിക്കുകയും അദ്ദേഹത്തിന്റെ വീട്ടിലെ ജോലികള്‍ നിര്‍വഹിക്കുകയും ചെയ്യല്‍ ഭാര്യയുടെ ബാധ്യതയാണ്. പ്രവാചക പുത്രി ഫാത്വിമ(റ) ഗൃഹജോലികളില്‍ പ്രയാസപ്പെടുകയും അവരുടെ കൈകളില്‍ പണിയുടെ പാടുകള്‍ പതിയുകയും ചെയ്തിരുന്നു. എന്നിട്ടും നബി(സ) അവരെ ആശ്വസിപ്പിക്കുകയും ഭര്‍തൃസേവനം തുടരാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്. ഇമാം ഗസ്സാലി(റ) പറയുന്നു: 'വീട്ടുജോലികളെല്ലാം സാധ്യമാംവിധം നിര്‍വഹിക്കല്‍ ഭാര്യയുടെ ബാധ്യതകളില്‍ പെടുന്നു.'
ഗൃഹ ഭരണം
വീടിന്റെ ആഭ്യന്തര ഭരണവും കാര്യ നിര്‍വഹണവും സ്ത്രീയുടെ ഉത്തരവാദിത്വത്തില്‍ പെട്ടതാണ്. പ്രവാചകന്‍(സ) പറഞ്ഞു: 'സ്ത്രീ ഭര്‍തൃഭവനത്തിലെ ഭരണാധികാരിയാണ്. വീട്ടിലുള്ളവരെക്കുറിച്ച് തീര്‍ച്ചയായും അവള്‍ ചോദിക്കപ്പെടുന്നതാണ്' (ബുഖാരി, മുസ്ലിം). വീടിന്റെ സംരക്ഷണവും കുട്ടികളെ വളര്‍ത്തലും ഭാര്യയുടെ ചുമതലയാണ്. ഭര്‍ത്താവ് സമ്പാദിച്ചുകൊണ്ടുവരുന്ന ധനം ന്യായമായ രീതിയില്‍ ചെലവഴിക്കാനും ദാനം ചെയ്യാനും അവള്‍ക്ക് അവകാശമുണ്ട്
|