വിവാഹം ഇസ്ലാമില്‍
ഭര്‍ത്താവിന്റെ ബാധ്യതകള്‍
ഭാര്യയുടെ ബാധ്യതകള്‍
സ്ത്രീ ഇസ്ലാമില്‍
വിവാഹ മോചന നിയമങ്ങള്‍
വിവാഹമുക്തയുടെ അവകാശങ്ങള്
വിവാഹ മൂല്യവും സ്ത്രീധനവും
ബഹുഭാര്യത്വം ഇസ്ലാമില്‍
സന്താന പരിപാലനം
 


ബഹുഭാര്യത്വം ഇസ്ലാമില്‍

വൈയക്തികവും സാമൂഹികവുമായ അനിവാര്യകാരണങ്ങളാല്‍ ഇസ്ലാം പുരുഷന് ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുവാദം നല്‍കുന്നു. ബഹുഭാര്യാത്വം ആദ്യമായി അനുവദിച്ച മതമല്ല ഇസ്ലാം. ഇസ്ലാമിന് മുമ്പും അധികമതങ്ങളും സമൂഹങ്ങളും ഒന്നില്‍കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യുന്നത് അനുവദനീയമായി കണ്ടിരുന്നു. എന്നാല്‍ ഇസ്ലാം ഭാര്യമാരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ വെക്കുകയും അവരോടുള്ള പെരുമാറ്റ മര്യാദകള്‍ ആവിഷ്കരിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: 'അനാഥകളുടെ കാര്യത്തില്‍ നീതിപാലിക്കാന്‍ കഴിയുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്നപക്ഷം നിങ്ങളിഷ്ടപ്പെടുന്ന സ്ത്രീകളില്‍നിന്ന് രണ്േടാ മൂന്നോ നാലോ വീതം വിവാഹം കഴിച്ചുകൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതിപാലിക്കാന്‍ കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരു സ്ത്രീയെ മാത്രം കല്യാണം കഴിക്കുക (4:2,3).

നീതി പാലനം

ഇസ്ലാം നീതിയെ ബഹുഭാര്യാത്വത്തിന്റെ അടിസ്ഥാനമാക്കിയിരിക്കുന്നു. അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, സഹശയനം, ചെലവിന് നല്‍കല്‍, പെരുമാറ്റം തുടങ്ങിയവയിലെല്ലാം ഭാര്യമാര്‍ക്കിടയില്‍ തുല്യത പാലിക്കേണ്ടതാണ്. അതിന് കഴിയാത്തവന്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം ചെയ്യാന്‍ പാടില്ല.

പെരുമാറ്റ രീതി

ഒരാള്‍ക്ക് എല്ലാവരെയും ഒരുപോലെ സ്നേഹിക്കുക സാധ്യമല്ല. മക്കളുടെ കാര്യത്തില്‍പോലും തുല്യമായ സ്നേഹം പ്രായോഗികമല്ല. സ്നേഹവും വൈകാരിക ബന്ധവും മനുഷ്യനിയന്ത്രണങ്ങള്‍ക്കതീതമായ മനസ്സിന്റെ അവസ്ഥയാണ്. അതിനാല്‍ 'നീതി പാലിക്കുക' എന്നതിന്റെ വിവക്ഷ പെരുമാറ്റ രീതിയാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പുലര്‍ത്താന്‍ എത്രതന്നെ ആഗ്രഹിച്ചാലും നിങ്ങള്‍ക്ക് സാധ്യമല്ല. അതിനാല്‍ നിങ്ങള്‍ ഒരു വശത്തേക്ക് പൂര്‍ണമായി ചാഞ്ഞുകൊണ്ട് മറ്റവളെ നിസ്സഹായാവസ്ഥയില്‍ വിട്ടേക്കരുത്' (4:130). പെരുമാറ്റ നീതി പുലര്‍ത്താത്തവരെ പ്രവാചകന്‍(സ) കഠിനമായി താക്കീത് ചെയ്യുന്നു: 'രണ്ട് ഭാര്യമാരുള്ളയാള്‍ ഒരുവളിലേക്ക് കൂടുതലായി ചായുന്നുവെങ്കില്‍ അന്ത്യനാളില്‍ ഒരുവശം വീണോ ചരിഞ്ഞോ വലിച്ചിഴച്ചുകൊണ്േടാ ആയിരിക്കും അയാള്‍ ദൈവസന്നിധിയില്‍ ഹാജരാവുക' (ഹാകിം, ഇബ്നു ഹിബ്ബാന്‍). പ്രവാചകന്‍ തന്റെ ഭാര്യമാരുടെ കാര്യത്തില്‍ ഇപ്രകാരം പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു: അല്ലാഹുവേ, സാധ്യമാകുംവിധമുള്ള എന്റെ വിഭജനമാണിത്. നിന്റെ കഴിവില്‍പെട്ടതും എനിക്ക് അസാധ്യവുമായതിന്റെ പേരില്‍ എന്നെ നീ ശിക്ഷിക്കരുതേ!' (അസ്ഹാബുസ്സുനന്‍)
ഇസ്ലാം മൌലികമായി അംഗീകരിച്ചത് ഏക ഭാര്യത്വമാണെന്നും അനിവാര്യമായ അവസ്ഥകളില്‍ കണിശമായ നീതിപാലനം സാധ്യമാകുന്നവര്‍ക്ക് മാത്രം അനുവദിക്കപ്പെട്ട ഇളവാണ് ബഹുഭാര്യത്വമെന്നും ഉപര്യുക്ത വചനങ്ങളില്‍നിന്നും മനസ്സിലാക്കാം.

   
----------------------------------------------------------------------------------------------------------------------------------------------------
© 2009 Imbkerala.net Calicut .Designed by Cbtech it solutions, Powered by Spark Info Solutions